ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു ;ഈ വര്‍ഷം പനിബാധിച്ചവരുടെ എണ്ണം 3 ആയി

Trulli

മാനന്തവാടി:വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. പുതുവര്‍ഷം ആരംഭത്തില്‍ ഇതേ പ്രദേശവാസികളായ 28 കാരിക്കും, കഴിഞ്ഞയാഴ്ച 60കാരനും കുരങ്ങുപനി ബാധ സ്ഥിരീകരിച്ചിരുന്നു. 60കാരന്‍ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. മറ്റ് രണ്ട് പേരും നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. എസ്‌റ്റേറ്റിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ കുരങ്ങുശല്ല്യം രൂക്ഷമാണ്. കഴിഞ്ഞമാസം ഒരുകുരങ്ങിനെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.2019ല്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സതേടുകയും, രണ്ടുപേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. 2019 ജനുവരിയില്‍ അപ്പപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പരിധിയിലെ രണ്ടുപേര്‍ക്കാണ് ആദ്യം രോഗം ബാധിച്ചത്. തുടര്‍ന്ന് ഡിസംബര്‍ വരെ ചികിത്സ തേടിയതില്‍ 07 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിധിയില്‍ വീണ്ടും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛര്‍ദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണം. ഇത്തരം ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. എങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

മുന്‍കരുതലുകള്‍ :

*വനത്തിനുള്ളില്‍ പോകുമ്പോള്‍ കട്ടിയുള്ള, ഇളംനിറമുള്ള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെള്ളുകയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കുക.

*ചെള്ളിനെ അകറ്റിനിര്‍ത്തുന്ന ഒഡോമസ് പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക.

*വനത്തില്‍പോയിട്ടുള്ളവര്‍ തിരിച്ചുവന്ന ഉടന്‍ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പുവരുത്തുക.

*ശരീരത്തില്‍ ചെള്ളുകയറിയാല്‍ ചെള്ളിനെ നീക്കംചെയ്തശേഷം കടിയേറ്റഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക.

*പ്രതിരോധവാക്‌സിന്‍ യഥാസമയം ഉപയോഗിക്കുക.

34

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *