പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത – ജനാധിപത്യ കേരള കോൺഗ്രസ് രണ്ടാംഘട്ട സമരത്തിന്

Trulli

പടിഞ്ഞാറത്തറ: പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം തൽക്കാലം പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ ഉന്നതതല യോഗ തീരുമാനം പുന:പരിശോധിക്കാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനും വയനാട്ടിലെ എം.എൽ.എമാരും ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 24-ന് രണ്ടാംഘട്ട സമരം ആരംഭിക്കുവാൻ പടിഞ്ഞാറത്തറയിൽ ചേർന്ന ജില്ലാ നേതൃത്വ സമ്മേളനം തീരുമാനിച്ചു. 50000 പേർ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് ജനാധിപത്യ കേരള കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നൽകിയ ഭീമഹർജിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകിയ മറുപടിയിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിലപാട് അറിയിച്ചത്. സംസ്ഥാന ഗവര്‍ണമെന്‍റിന്‍റെ സ്വപ്ന പദ്ധതിയായ കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാതയുടെ സാധ്യത കേന്ദ്ര ഗവര്‍ണമെന്‍റ് പൂർണമായി തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ചുരമില്ലാ ബദൽ റോഡ് എന്ന വയനാടൻ ജനതയുടെ കാലങ്ങളായ സ്വപ്നം ഇനിയെങ്കിലും യാഥാർത്ഥ്യമാക്കണം. 1994 സെപ്റ്റംബർ 24-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ് പടിഞ്ഞാറത്തറയിൽ റോഡിന് തറക്കല്ലിട്ടത്. ബജറ്റിൽ തുക വകയിരുത്തുകയും നിർമ്മാണ അനുമതി ലഭിക്കുകയും ചെയ്ത പൂഴിത്തോട് റോഡിന്‍റെ നിർമ്മാണം നിലച്ചിട്ട് ഈ സെപ്റ്റംബർ 24-ന് 25 വർഷം പിന്നിടുകയാണ്. തടസ്സങ്ങൾ നീക്കാൻ കേരളം മാറി മാറി ഭരിച്ച സംസ്ഥാന ഗവര്‍ണമെന്‍റുകളും, ജനപ്രതിനിധികളും ഒന്നും ചെയ്തില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. നിരവധി വർഷത്തെ ശാസ്ത്രീയ പഠനത്തിനും സർവേയ്ക്കും ശേഷം പ്രഥമ പരിഗണന നൽകി 70% പണി പൂർത്തീകരിച്ച, 52 ഏക്കർ വനഭൂമി ക്ക് പകരം 104 ഏക്കർ സ്ഥലം വനവൽക്കരണത്തിനായി വിവിധ പഞ്ചായത്തുകൾ വനംവകുപ്പിന് വിട്ടുനൽകിയ ചുരുങ്ങിയ ചിലവിൽ നിർമാണം പൂർത്തീകരിക്കുവാൻ കഴിയുന്ന ഈ റോഡിന്‍റെ നിർമ്മാണം പൂര്‍ത്തീകരിക്കേണ്ടത് വയനാടിന്‍റെ വികസന മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചുചാട്ടത്തിനും, ദിനംപ്രതി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനും കൂടിയേ തീരൂ എന്ന് യോഗം വിലയിരുത്തി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് വനത്തിലൂടെയുള്ള 8.25 കിലോമീറ്റർ ദൂരം റോഡിന്‍റെ നിർമ്മാണം നിലച്ചു പോയത്. പിന്നീട് ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ നാളിതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായി എഴുത്തുകുത്തുകൾ നടത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം പല സംഘടനകൾക്കും വ്യക്തികൾക്കും ലഭിച്ച മറുപടികൾ. സർക്കാരും ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിച്ചാൽ റോഡ് യാഥാർഥ്യമാകും. അതേസമയം താമരശ്ശേരി ചുരം നവീകരിക്കുന്നതിനായി 2 ഏക്കർ വനഭൂമിക്ക് അനുമതി നേടിയെടുക്കുവാൻ സംസ്ഥാന ഗവര്‍ണമെന്‍റിന് കഴിഞ്ഞിട്ടുണ്ട്. വയനാട് ഏറെ ഒറ്റപ്പെട്ട ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ ഉള്‍പ്പെടെ മറ്റ് എല്ലാ രാഷ്ട്രീയകക്ഷികളും, വിവിധ സംഘടനകളും ഒന്നടങ്കം ഈ വിഷയത്തിൽ വിവിധ കാലഘട്ടത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് യാഥാർത്ഥ്യമാകുന്നതുമായി ബന്ധപ്പെട്ട് എല്ലാ പത്ര മാധ്യമങ്ങളും, ചാനലുകളും നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നിട്ടും ജനപ്രതിനിധികൾ അനങ്ങാപ്പാറ നയം തുടരുന്നത് ഖേദകരമാണ്. സര്‍ക്കാരും ജനപ്രതിനിധികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ റോഡ്‌ യാഥാര്‍ഥ്യംമാകും. രണ്ടാംഘട്ട സമരത്തിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 24-ന് പടിഞ്ഞാറത്തറയിൽ തറക്കല്ല് സ്ഥാപിച്ച സ്ഥലത്ത് വിവിധ പ്രതിഷേധ പരിപാടികളും, ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ രണ്ടു വർഷമായി നിരവധി തവണ ജില്ലയിലെ ജനപ്രതിനിധികൾ, മുഖ്യമന്ത്രി, ബന്ധപ്പെട്ട മന്ത്രിമാർ എന്നിവർക്കും ഈ വിഷയത്തിൽ നിവേദനം നൽകിയിട്ടുണ്ട്. കൂടാതെ പടിഞ്ഞാറത്തറയിൽ ശ്രദ്ധക്ഷണിക്കൽ യോഗം, PWD ഓഫീസ് മാർച്ച്, ധർണ്ണ, അമ്പതിനായിരം പേർ ഒപ്പിട്ട ഭീമഹർജി, ജനകീയ പ്രതിഷേധക്കൂട്ടായ്മ തുടങ്ങിയ വിവിധ സമരപരിപാടികള്‍ക്കും പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്. ജില്ലാ നേതൃയോഗം പ്രസിഡണ്ട് കെ.എ.ആൻറണി ഉത്ഘാടനം ചെയിതു ,ജോസഫ് കാവാലം അധ്യക്ഷത വഹിച്ചു. വിൽസൻ നെടുംകൊമ്പില്‍, , ജോൺസൺ ഒ.ജെ ,ടി.പി.കുര്യാക്കോസ്, റെജി കെ.വി, , പീറ്റർ എ.പി കുര്യാക്കോസ്, കെ.എം.പൗലോസ്, സിബി ജോണ്‍, ജനീഷ് ബാബു, എബി പൂക്കൊമ്പില്‍, വി.എസ് ചാക്കോ, അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, സുനിൽ അഗസ്റ്റിൻ, ബിനോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

43

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *