തിരുനെല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം: വീട്ടമ്മക്ക് പരിക്കേറ്റു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂർ കോളനിയിലെ കെഞ്ചന്റെ ഭാര്യ റോസിലിയെ രാവിലെ ആറ് മണിക്ക് സ്വന്തം വീട്ടു പരിസരത്തുവെച്ച് ആന തട്ടി പരിക്കേറ്റു. ആനയുടെ ആക്രമണത്തിൽ നിന്നും അദ്ഭുതകരമായാണ് റോസ് ലി രക്ഷപെട്ടത്‌. പുറകിലൂടെ ആക്രമിക്കാൻ വന്ന ആനയെ കണ്ട് ഓടി ഒരു മാവിന് മറഞ്ഞ സമയത്ത് ആനയുടെ കുത്ത് മരത്തിൽ തട്ടി. മരത്തിന്റെ ഒരു ഭാഗം തകർന്നു കുത്തിനോട് ഒപ്പം തുമ്പി കൈ തട്ടി വീണ റോസിലിയുടെ രണ്ടു വാരി അസ്ഥി പൊട്ടിയിട്ടുണ്ട്.മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. 2017ൽ ഇതിനടുത്ത് വെച്ചാണ് കുഞ്ചിലൻ എന്ന ആദിവാസിയെ പകൽ സമയത്ത് ആന കൊലപ്പെടുത്തിയത്. ഇതേ ആന അതിന് ശേഷവും വാഹനം തകർക്കലും, കൃഷി നശിപ്പിക്കലുമായി ആ പരിസരത്തു ഭീതി പരത്തുകയാണ്. പകൽ പോലും നാട്ടിൽ ഇറങ്ങി നാശം വരുത്തുന്ന ആനയെ ഫോറസ്റ്റ് ജീവനക്കാർക്കു പോലും ഭയമാണന്ന് നാട്ടുകാർ പറയുന്നു. വലത് കൊമ്പ് അൽപം താഴ്ന്ന ഭീമാകാരമായ കൊമ്പും ഉയർന്ന തല എടുപ്പും ഉള്ള ആനയെ പെട്ടെന്ന് തിരിച്ചറിയാനാവുമെന്ന് ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും പറയുന്നു. ശക്തിയേറിയ ക്ഷോക് ഫെൻസിംഗ് പോലും തന്റെ നീണ്ട കൊമ്പുകൾകൊണ്ട് തകർത്താണ് നാട്ടിൽ ഇറങ്ങുന്നത്.കഴിഞ്ഞ 38 വർഷത്തിനിപ്പുറം 82 മനുഷ്യർ കൊല്ലപെടുകയും 268 ആളുകൾക്ക് പരിക്കേൽക്കയും കോടികണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ച പഞ്ചായത്താണ് തിരുനെല്ലി. വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതും വാഹനം തകർക്കപ്പെട്ട കണക്കും വേറെയുണ്ട് .മാങ്കുളം മോഡൽ ക്രാഷ് ഗാഡ് റോപ്പ് ഫെൻസിംഗ് മാത്രമാണ് പരിഹാരമാർഗ്ഗം.. 25 കോടി രൂപ കൊണ്ട് തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗശല്ല്യത്തിന് ഒരു പരിഹാരം കാണാൻ കഴിയുമെന്ന ആക്ഷൻ കമ്മറ്റിയുടെ നിർദ്ദേശം മാനന്തവാടി എം.എൽ.എ. ഒ ആർ.കേളുവിന്റെ നേതൃത്വത്തിൽ പി.സി.സി.എഫിനും മന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്. നോർത്ത് വയനാട് ഡി.എഫ്.ഒ. രമേശ് വൈഷ്ണവ് ആശുപത്രിയിൽ എത്തി ഡോക്ടർമാരെ കണ്ട് വിവരങ്ങൾ ആരാഞ്ഞു. ഭർത്താവ് മരണപെട്ട റോസ് ലിക്ക് ചികിൽസാ ചിലവിന് പുറമെ സാമ്പത്തിക സഹായം നൽകണമെന്ന് ആശുപത്രിയിൽ എത്തിയ ആക്ഷൻ കമ്മറ്റി ചെയർമാൻ ടി.സി.ജോസഫ് ഡി.എഫ്.ഒ യോട് അഭ്യർത്ഥിച്ചു: പേര്യ റയിഞ്ച് ഓഫിസർ മുരളി കൃഷ്ണൻ, ബേഗൂർ റയിഞ്ച് ഓഫിസർ സമദ്, ഫോറസ്റ്റർമാരായ ടി.ആർ. സാന്തോഷ്, ശരണ്യ എന്നിവർ ആശുപത്രിയിൽ എത്തി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്.

2

News People

News People

Leave a Reply

Your email address will not be published. Required fields are marked *